ഇടുക്കി : വീട്ടമ്മയുടെ മൃദദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വർഷങ്ങളായി അകന്ന് കഴിഞ്ഞിരുന്ന ഭർത്താവ് ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞപ്പോൾ സിന്ധു കാണാൻ പോയതാണ് ബിനോയിയെ പ്രകോപിതനാക്കിയത്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ബിനോയ് സിന്ധുവിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും, സിന്ധുവിന്റെ ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നും മർദ്ദനത്തെ തുടർന്ന് സിന്ധുവിന്റെ വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന സിന്ധുവിന് അയൽവാസിയായ ബിനോയിയുമായി അടുപ്പമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സിന്ധുവിനെ കാണാതായ ദിവസം സിന്ധു തന്റെ മകനെ കൂട്ട് കിടക്കാനായി സഹോദരിയുടെ വീട്ടിലേക്കയച്ചിരുന്നു. പിറ്റേദിവസം മകൻ മടങ്ങിയെത്തിയപ്പോഴാണ് സിന്ധുവിനെ കാണാതായ വിവരം അറിയുന്നത്. ബിനോയിയുടെ നിർദേശ പ്രകാരമാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്.
രാത്രി ബിനോയിയുടെ വീട്ടിലെത്തിയ സിന്ധുവുമായി ഭർത്താവിന്റെ പേരിൽ തർക്കമുണ്ടാകുകയും തുടർന്ന് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. അടുക്കളയിൽ നാലടി താഴ്ചയിൽ കുഴിയെടുത്താണ് മൃദദേഹം മറവ് ചെയ്തത്. തെളിവ് നശിപ്പിക്കാനായി ചാണകം മെഴുകുകയും മുളക് പൊടി വിതറുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിനോയിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.