അഞ്ചു മാസത്തിനു ശേഷം കൊച്ചി മെട്രോ സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന കൊച്ചി മെട്രോ സർവീസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സർവീസ്. ഇതിനായി സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള സീറ്റ് ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയായിരിക്കും മെട്രോ സർവീസ് നടത്തുക. കോവിഡ് വൈറസിനെ തുടർന്ന് അഞ്ച് മാസത്തോളം അടച്ചിട്ടിരുന്ന മെട്രോ സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഇരുന്ന് യാത്ര ചെയ്യുന്നവർക്കും നിന്ന് യാത്ര ചെയ്യുന്നവർക്കുമായി പ്രത്യേകരീതിയിലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സീറ്റുകളിൽ അടയാളങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിന്ന് യാത്ര ചെയ്യുന്നവർക്കും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുള്ള അടയാള സ്ഥലത്തുനിന്ന് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ഓരോ യാത്രകൾക്ക് ശേഷവും കമ്പാർട്ട്മെന്റ് പൂർണമായും സാനിട്ടറൈസ് ചെയ്യും. 100 മുതൽ 200 പേർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക. യാത്രക്കിടയിലും ഓരോ സ്റ്റേഷനുകളിലും 20 സെക്കൻഡ് സമയത്തോളം വാതിലുകൾ തുറന്നിടും. ടിക്കറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ ഡിജിറ്റൽ പെയ്മെന്റ് സംവിധാനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.