ലക്നൗ: തൊഴിലാളികളെയും കാത്ത് ആയിരക്കണക്കിന് ബസ്സുകൾ അതിർത്തിയിൽ കാത്തുനിൽക്കുന്നുവെന്നും അനുമതി നൽകണമെന്നും പറഞ്ഞ കോൺഗ്രസ് നേതാവ് പ്രിയങ്കാ വദ്രയ്ക്ക് മറുപടി നൽകിക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധി മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ബസ്സുകളുടെയും ഡ്രൈവർമാരുടെയും പേരുവിവരങ്ങൾ സർക്കാറിന് നൽകണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി അവിനാശ് അവാസ്ഥി പ്രിയങ്കാഗാന്ധിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നേവരെ കത്തിന് മറുപടി നൽകാൻ കോൺഗ്രസോ പ്രിയങ്കയോ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം പ്രിയങ്കാ വദ്ര അതിർത്തിയിൽ ആയിരത്തോളം ബസ്സുകൾ തയ്യാറാക്കിയിട്ടുണ്ടന്നും എന്നാൽ ഉത്തർപ്രദേശ് സർക്കാർ അതിന് അനുമതി നൽകുന്നില്ലെന്നും ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രവർത്തകർ ബസ്സുകൾ നിരനിരയായി ഇട്ടിരിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് കഴിഞ്ഞ കുംഭ മേളയ്ക്കു വേണ്ടി ഉത്തർപ്രദേശ് സർക്കാർ തയ്യാറാക്കിയ ബസ്സുകൾ ആണെന്ന് ചൂണ്ടിക്കാട്ടി മറ്റുചിലർ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഗാസിയാബാദിലെ രാംലീല മൈതാനത്ത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തങ്ങളുടെ വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൂടി നിൽക്കുന്ന ചിത്രങ്ങളും പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡിലും പഞ്ചാബിലും രാജസ്ഥാനിലുമടക്കമുള്ള അതിഥി തൊഴിലാളികൾക്ക് തങ്ങളുടെ നാട്ടിലേക്ക് പോകാനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കുന്നില്ലെന്നും തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.