അതിർത്തി സംഘർഷത്തിൽ ചൈനയുടെ ഭാഗത്ത് ശക്തമായ രീതിയിലുള്ള നാശം വിതയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ്

ഡൽഹി: ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പ്രസ്താവന നടത്തി. പാക്ക് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം വർധിച്ചുവരികയാണെന്നും സംഘർഷത്തെ തുടർന്ന് ചൈനയുടെ ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സേനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഏപ്രിൽ മുതൽ അതിർത്തിയിൽ ശക്തമായ രീതിയിൽ സേനയെ വിന്യസിച്ചിരുന്നു.

തുടർന്ന് മെയ്യിൽ ഗാൽവാൻ, പാങ്കോങ് തുടങ്ങിയ മേഖലകളിലെ നിയന്ത്രണരേഖ ഭേദിക്കാൻ ശ്രമിച്ച ചൈനീസ് സൈന്യത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായ രീതിയിൽ പ്രതികരിക്കുകയുണ്ടായി. ജൂൺ ആറിന് കമാൻഡർമാരുടെ യോഗത്തിലും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തി. എന്നാൽ ജൂൺ 15 ന് ചൈനീസ് സൈന്യം ആക്രമണത്തിന് നീങ്ങുകയായിരുന്നു. എന്നാൽ ഈ ആക്രമണത്തെ ഇന്ത്യൻ സേന ശക്തമായ രീതിയിൽ പ്രതിരോധിക്കുകയും ചൈനയുടെ ഭാഗത്ത് വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. സമാധാനപരമായി അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സൈന്യത്തിനുള്ള നിശ്ചയദാർഢ്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഈ അവസരത്തിൽ പാർലമെന്റ് സൈന്യത്തിനൊപ്പം ഉറച്ചു നിൽക്കണമെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ രാജ്നാഥ് സിംഗ് പറഞ്ഞു.