അതെന്ത് നീതി?ജീവിച്ചിരുന്നപ്പോൾ അവർ നല്കിയ വോട്ടുകൾക്ക് ഒരേ വിലയായിരുന്നുവല്ലോ!പിന്നെ മരിക്കുമ്പോഴെന്തിനാണ് ഈ വേർതിരിവ്? ;

കേരളത്തെ നടുക്കിയ രണ്ട് മഹാ ദുരന്തങ്ങളാണ് ഇന്നലെ ഇടുക്കിയിലും കോഴിക്കോട്ടുമായി ഉണ്ടായത്. ശക്തമായ മഴയെ തുടർന്ന് ഇടുക്കി രാജമലയിൽ 26 ഓളം പേർ മരണപ്പെടുകയും നിരവധി ആളുകൾ മണ്ണിനടിയിൽ അകപ്പെടുകയും ഉണ്ടായി. കരിപ്പൂരിൽ വിമാന ലാൻഡിംഗിനിടെയിലുണ്ടായ അപകടത്തിൽ 18 ഓളം പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാജമലയിലും കരിപ്പൂരിലും അപകടമുണ്ടാക്കിയത് ശക്തമായ മഴയെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങളാണ്. എന്നാൽ രാജമലയിൽ മരണപ്പെട്ടവരുടെയും കരിപ്പൂർ വിമാനത്താവളത്തിൽ മരണപ്പെട്ടവരുടെയും കുടുംബാംഗങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായം രണ്ടും രണ്ട് രീതിയിലാണ്. അത് എന്തെന്ന് ചോദിച്ചാൽ രാജമലയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും കരിപ്പൂരിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവുമാണ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെന്ത് നീതി ആണെന്നും അവർ ജീവിച്ചിരുന്നപ്പോൾ നൽകിയ വോട്ടുകൾക്കു ഒരേ വിലയായിരുന്നുവല്ലോ? ഇന്ന് മരിക്കുമ്പോൾ എന്തിന് ഈ വേർതിരിവെന്ന് മാധ്യമപ്രവർത്തകയായ അഞ്ജു പാർവ്വതി പ്രഭീഷ് ചോദിക്കുന്നു. ഇത് സംബന്ധിച്ചുള്ള അഞ്ജു പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല! ദുരന്തങ്ങൾക്കും അതിൽ ഉൾപ്പെട്ട മരണങ്ങൾക്കും ഏറ്റക്കുറച്ചിലുകളുണ്ടോ? രാജമലയിലും കരിപ്പൂരിലും ഉണ്ടായത് അതിദാരുണമായ രണ്ടപകടങ്ങൾ. രണ്ടിലും വില്ലനായത് പ്രകൃതിയും. എന്നിട്ടും രാജമലയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച സഹായധനത്തേക്കാൾ ഇരട്ടി തുകയുണ്ട് കരിപ്പൂരിലെ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക്. അതെന്ത് നീതി?ജീവിച്ചിരുന്നപ്പോൾ അവർ നല്കിയ വോട്ടുകൾക്ക് ഒരേ വിലയായിരുന്നുവല്ലോ!പിന്നെ മരിക്കുമ്പോഴെന്തിനാണ് ഈ വേർതിരിവ്?

ദുരന്തങ്ങൾക്കും മരണങ്ങൾക്കും പണത്തിന്റെയും പദവിയുടെയും മാനദണ്ഡങ്ങളുണ്ടോ? ഉണ്ടെന്നാണ് രാജമലയും കരിപ്പൂരും കാണിക്കുന്നത്. രാജമലയിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾക്കൊന്നും ചാനലുകളിലും സൈബറിടങ്ങളിലും ഡിമാന്റില്ല. എന്നാൽ കരിപ്പൂരിലെ മരണമടഞ്ഞ പൈലറ്റിന്റെ ചിത്രം മുതൽ ഓരോ യാത്രക്കാരന്റെയും ചിത്രങ്ങൾക്കുണ്ട് പ്രത്യേകമായ ശ്രദ്ധാഞ്‌ജലി.

മലയാളത്തിലെ സിനിമാനക്ഷത്രങ്ങളുടെ പേജിലും കാണാം ഈ ഏറ്റക്കുറച്ചിൽ. കണ്ടതിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് പൃഥ്വിരാജ് സുകുമാരന്റെ ആദരാഞ്‌ജലി പോസ്റ്റാണ്. രാജമലയിലും കരിപ്പൂരിലും മരണമടഞ്ഞ ഹതഭാഗ്യരെ കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയിരിക്കുന്നു. ലാലേട്ടനും മറന്നിട്ടില്ല രാജമലയെ. മമ്മൂക്കയുടെ പേജിൽ കരിപ്പൂരിലെ അപകടത്തെ കുറിച്ചൊരു ഷെയർ മാത്രം കണ്ടു. ചാക്കോച്ചനാണെങ്കിൽ കരിപ്പൂര് മാത്രമേ കണ്ടിട്ടുള്ളൂ. ഏറ്റവും നിരാശപ്പെടുത്തിയത് സുരേഷ് ഗോപിയേട്ടനും ഉണ്ണിമുകുന്ദനുമാണ്. ഇരുവരും കരിപ്പൂരിൽ പൊലിഞ്ഞ ജീവനുകൾക്ക് മാത്രമേ ആദരാഞ്‌ജലി അർപ്പിച്ചിട്ടുള്ളു!

സോഷ്യൽ മീഡിയായിൽ സജീവമായ തിരുവനന്തപുരം എം.പി ശ്രീ. ശശി തരൂരും രാജമല കണ്ടതേയില്ല.എന്നാൽ കരിപ്പൂർ കണ്ടിട്ടുണ്ട് താനും. മരണങ്ങൾക്കും ദുരന്തങ്ങൾക്കും വരെ പ്രിവിലേജുകളുടെ വേർതിരിവുകൾ. ഭരണാധികാരികളും മാധ്യമങ്ങളും എന്തിനേറെ സോഷ്യൽമീഡിയ പോലും പ്രകടമായ പക്ഷഭേദമാണ് കാണിച്ചത്. അറിഞ്ഞോ അറിയാതെയോ പക്ഷഭേദം കാണിച്ചവർ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ മാത്രം വക്താക്കളുമല്ല. കാലങ്ങളായി എന്തിലും ഏതിലുമുള്ള വരേണ്യ പക്ഷപാതം മരണത്തിലും ദുരന്തത്തിലും കാണുമ്പോൾ മനുഷ്യത്വമെന്ന വാക്കിന് വിലയില്ലാതെയാവുമെന്നത് വലിയൊരു സത്യമാണ്. മരണമെന്ന വലിയ പ്രപഞ്ചസത്യത്തിനുമുന്നിലെങ്കിലും നാമെല്ലാം സമന്മാരാണ്.

Latest news
POPPULAR NEWS