അപകടത്തിന് കാരണം മഴയാണെന്ന് കേന്ദ്രമന്ത്രി, വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയെന്ന് പൈലറ്റുമാർ

ഡൽഹി: കരിപ്പൂരിൽ വിമാനാപകടത്തിന് കാരണമായത് ശക്തമായ മഴ മൂലമുണ്ടായ റൺവേയിലെ വഴുക്കലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർസീപ് സിംഗ് പുരി. വഴുക്കൽമൂലം വിമാനം തെന്നിപോയതാകാം അപകടത്തിന് കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നനായ പൈലറ്റ് ആയിരുന്നുവെന്നും വിമാനത്തിന് തീ പിടിക്കാതിരിക്കാതിരുന്നത് ഭാഗ്യമായെന്നും അല്ലെങ്കിൽ വലിയ രീതിയിലുള്ള ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ടേബിൾ ടോപ്പ് റൺവേയിൽ വിമാനമിറക്കുന്നതിനുവേണ്ടി പൈലറ്റ് പരിശ്രമിച്ചു. ഇന്നലെ രാത്രിയിൽ 7:52 ഓടുകൂടി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നും 190 പേരുമായി എത്തിയ വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. അപകടം സംബന്ധിച്ചുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനും ചർച്ചചെയ്യുന്നതിനുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, എയർ നാവിഗേഷൻ സർവീസ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. എന്നാൽ അപകടത്തിന് കാരണം കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ പിഴവുകളാണെന്ന് ചൂണ്ടിക്കാട്ടി പൈലറ്റുമാരും രംഗത്തെത്തിയിട്ടുണ്ട്.

Also Read  മലയാളി പൊളിയല്ലെ ; കൊറോണയെ നേരിടാൻ മുഖമുള്ള മാസ്കുകളും തയ്യാർ