അഭിപ്രായം പറയുന്നവരെ അശ്ലീലം പറയുന്നത് നമ്മുടെ ശീലമായി മാറി കഴിഞ്ഞു. അത് സ്ത്രീകൾക്ക് നേരെയാകുമ്പോൾ അവരുടെ കുടുംബ ജീവിതം തന്നെ തകരാറിലാകും ; മാലാ പാർവ്വതി

മാധ്യമ പ്രവർത്തകയായ നിഷാ പുരുഷോത്തമനെതിരെ സിപിഎം സൈബർ പോരാളികൾ നടത്തിയ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചാനലുകളിലും മറ്റും വലിയ രീതിയിലുള്ള വാർത്താപ്രാധാന്യത്തോടുകൂടി ഇടംപിടിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ചിലകാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സിനിമതാരം മാലാ പാർവതി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. സൈബർ ബുള്ളയിഗ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന അ-ശീലതെ-റി അഭിഷേകത്തോട് ഒരിക്കലും യോജിക്കുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ അടുത്തിടെയായി താൻ മാധ്യമങ്ങളിലൂടെ രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ ഇപ്പോഴും തെറിവിളിയും സ്ലട്ട് ഷേമിങ്ങും തുടരുകയാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സ്ത്രീകൾക്കുവേണ്ടി സംസാരിച്ചതിന്റെപേരിൽ പലർക്കുമുണ്ടായ അസ്വസ്ഥത മാറ്റുന്നതിനായി മുതിർന്ന മകന്റെ ഒരു സ്വകാര്യ ചാറ്റ് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി തനിക്കെതിരെ ആ-ക്രമണം നടത്തുകയും ചെയ്തിരുന്നതായും മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ സാഹചര്യത്തിൽ പറയുന്നു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

മാധ്യമ പ്രവർത്തകയ്ക്ക് എതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു എന്ന മനോരമയിലെ വാർത്തയിൽ എന്റെ കമന്റും ഉണ്ട്. പക്ഷേ ഈ തലക്കെട്ട് വരുമ്പോഴുള്ള പ്രശ്നമെന്താണ് എന്ന് വച്ചാൽ നിഷയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ മാത്രമാണ് പ്രതിഷേധമെന്ന് തോന്നി പോകും . അതുകൊണ്ടാണ് ഈ കുറിപ്പ് അനിവാര്യമാകുന്നത്,
സൈബർ ബുള്ളയിംഗ് എന്ന ഓമന പേരിട്ട് വിളിക്കുന്ന അശ്ലീല , തെറി അഭിഷേകത്തിനോട് ഒരിക്കലും യോജിക്കുന്നില്ല. അഭിപ്രായം പറയുന്നവരെ അശ്ലീലം പറയുന്നത് നമ്മുടെ ശീലമായി മാറി കഴിഞ്ഞു. അത് സ്ത്രീകൾക്ക് നേരെയാകുമ്പോൾ അവരുടെ കുടുംബ ജീവിതം തന്നെ തകരാറിലാകും. എനിക്ക് ഈ അടുത്തുണ്ടായ പ്രശ്നത്തിൽ ഇപ്പോഴും തെറി വിളിയും, സ്ലട്ട് ഷേമിംഗും തുടരുകയാണ്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ , സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ പലർക്കും ഉണ്ടായ അസ്വസ്ഥത, മാറ്റാൻ, എന്നെ നിശ്ശബ്ദമാക്കാൻ , മുതിർന്ന മകന്റെ ഒരു സ്വകാര്യ ചാറ്റ് ചൂണ്ടി കാട്ടി ശ്രമിക്കുന്നു. ആക്രമിക്കുന്നു. എന്റെ വിഷയം മാത്രമല്ല, ദീപ നിശാന്ത് , സുനിത ദേവദാസ്, ഭാഗ്യലക്ഷ്മി, സജിത മഠത്തിൽ, അനു സോമരാജൻ, നിഷാ ജോസ് , തുടങ്ങി എത്ര പേരുടെ അനുഭവം വേണമെങ്കിലും ഉദാഹരിക്കാം.

എന്നാൽ ക്രിയാത്മകമായുള്ള വിമർശനവും, തർക്കവും, ആരോഗ്യകരമായ സമൂഹത്തിൽ ആവശ്യവുമാണ്. ഉദാഹരണത്തിന് Shemeer Tp കുറച്ച് ദിവസമായി നിഷാ പുരുഷോത്തമന്റെയും , മനോരമ ടി.വി യുടെയും നിലപാട് എഴുതി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരു അശ്ലീലവും അതിൽ ഉണ്ടായിരുന്നില്ല. ക്രിയാത്മകമായ വിമർശനം മാത്രം. ദ്യശ്യ മാധ്യമത്തിന്റെ ശക്തി ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇപ്പോൾ പല തവണയായി സംഭവിക്കുന്നു. മനോരമയിൽ ഇത് വരുന്നതിൽ വ്യക്തിപരമായി വിഷമമുള്ള ഒരാളാണ് ഞാൻ , അയന എന്ന കുട്ടി മരിച്ചു എന്ന വാർത്ത നൽകിയത്, കരിപ്പൂർ വിമാനത്തിന്റെ വിമാന തകർച്ചയെ കുറിച്ചുള്ള വാർത്തയിലൊക്കെ സ്ഥിരീകരിക്കാത്ത വാർത്ത കൊടുക്കുന്നത് കൊണ്ട് എന്ത് നേടുന്നു എന്ന് മനസ്സിലാവുന്നില്ല. ഡാം തകർന്നു എന്ന് പറയുന്നതിലൂടെ എന്ത് മാത്രം ഭീതി സമൂഹത്തിൽ പരക്കും എന്ന് ചിന്തിക്കാവുന്നതേയൊള്ളു. അതിനെതിരെ നടക്കുന്ന വിമർശനങ്ങളോട് യോജിക്കാതെ തരമില്ല.കാരണം മനോരമ ഒരു ഓൺലൈൻ വാർത്താ മാധ്യമത്തിന്റെ നിലവാരത്തിലേക്ക് അധ:പത്തിക്കാൻ പാടില്ല. അശ്രദ്ധമായി വാർത്ത നൽകുന്ന പ്രവണതയിലും എന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. സൈബർ ബുള്ളിയിംഗ് പോലെ തന്നെ ഗൗരവമാണ് നുണ പ്രചരണവും.
അശ്ലീലം പറയുന്നതിനെയും, വ്യക്തിഹത്യയെയും എതിർക്കുന്നു. അതിൽ തർക്കമില്ല. അത് വീണ്ടും അടിവരയിട്ട് പറയുന്നു

ക്രിയാത്മകമായ വിമർശനത്തെ സൈബർ ബുള്ളയിംഗ് എന്ന് എഴുതി തള്ളാൻ കളയില്ല എന്ന് മാത്രം. കാരണം കള്ളം പ്രചരിപ്പിക്കുന്നതിനെ ഒന്നും വിമർശിക്കാൻ പാടില്ല എന്ന നിയമം വരുന്നത് അപകടമാകും. രണ്ടും രണ്ടായി തന്നെ കാണണം. വസ്തുനിഷ്ഠമായി എതിർക്കാനും , തർക്കിക്കാനുമുള്ള സ്വാതന്ത്ര്യം എന്നും നമുക്ക് ഉണ്ടായിരിക്കണം. അത് നഷ്ടപ്പെടുത്താനാവില്ല. കമലേഷിനും പ്രജൂലയ്ക്കും നിഷയ്ക്കും നേരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപത്തെ അപലപിക്കുന്നു . നമുക്ക് വസ്തുതകളെ ചൊല്ലി തർക്കിക്കാം. വഴക്കിടാം. കളിയാക്കാം. ട്രോളാം. കുടുംബങ്ങളെ വെറുതെ വിടാം. ഈ വിഷയത്തിനും നമുക്ക് മാതൃകയാകാം.