അമിത വണ്ണം കുറയ്ക്കാൻ അമ്മാവൻ നിർബന്ധിച്ച് നീരജിനെ സ്റ്റേഡിയത്തിലെത്തിച്ചു, പിന്നെ നടന്നത് ചരിത്രം

ടോക്കിയോ : ഭാരതം അഭിമാനം കൊണ്ട് രോമാഞ്ചം കൊള്ളുന്ന നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യ സ്വർണം നേടിയിരിക്കുന്നു. 1997 ലെ ക്രിസ്തുമസ് രാവിൽ ഹരിയാനയിൽ കാന്ദ്ര ഗ്രാമത്തിൽ സരോജ് ദേവിയുടെയും സതീഷ് കുമാറിന്റെയും മകനായി ജനിച്ച നീരജ് ചോപ്ര ഇന്ന് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി നിൽക്കുന്നു.

നീരജ് ചോപ്രയുടെ കായിക ജീവിതത്തിലേക്കുള്ള കടന്ന് വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു. കുട്ടിക്കാലത്ത് മുത്തശ്ശിയുടെ പൊന്നോമനയായ നീരജ് ചോപ്രയ്ക്ക് വെണ്ണയും റൊട്ടിയും നൽകിയാണ് മുത്തശ്ശി സ്നേഹം പ്രകടിപ്പിച്ചത് അതുകൊണ്ട് തന്നെ തന്റെ പതിനൊന്നാം വയസിൽ നീരജ് ചോപ്രയുടെ തൂക്കം 80 കിലോയായിരുന്നു.

അമിതവണ്ണം കുറയ്ക്കാൻ വേണ്ടിയാണ് നീരജ് ചോപ്രയെ അമ്മാവൻ നിർബന്ധപൂർവ്വം പാനിപ്പട്ടിലെ സ്റ്റേഡിയത്തിൽ എത്തിക്കുന്നത്. അവിടെ നിന്നാണ് നീരജ് ചോപ്ര സ്പോർട്സിലേക്ക് തിരിയുന്നത്. ഹരിയാനയുടെ ദേശീയതരമായ ജയ് ചൗധരിയുടെ ജാവലിൻ ത്രോയിലുള്ള പരിശീലനം നിരന്തരം കണ്ടാണ് നീരജ് ചോപ്ര ജാവലിനിലേക്ക് തിരിയുന്നത്.

തുടർന്നങ്ങോട്ട് ജാവലിൻ മാത്രമായി നീരജ് ചോപ്രയുടെ ജീവിതം. സ്വന്തമായി ജാവലിൻ വാങ്ങിയ നീരജ് പോളണ്ടിൽ നടന്ന ഇരുപത് വയസിന് താഴെയുള്ളവരുടെ ലോക ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡോടെ സ്വർണം നേടി. പിന്നീട് കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി.