അമ്മ തുണി കഴുകിയിട്ടു വരാം മോൾ വീട്ടിൽ പോയി ഇരിക്കൂ എന്ന് പറഞ്ഞ അമ്മ തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല

കൊല്ലം: കൊല്ലത്തു നിന്നും കാണാതായ 6 വയസുകാരി ദേവാനന്ദയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും കുഞ്ഞിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കുട്ടിയുടെ അമ്മയായ ധന്യ രാവിലെ പതിനൊന്നു മണിയ്ക്ക് തുണി അലക്കി തിരികെ വരുമ്പോളാണ് കുട്ടിയെ കാണാതാകുന്നത്. എന്നാൽ വീടിനു പുറത്ത് മറ്റ് വാഹനങ്ങൾ വരുന്ന ശബ്ദമൊന്നും കേട്ടില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു.

കുട്ടി പുറത്ത് കളിക്കാനും പോകാറില്ലെന്നാണ് പറയുന്നത്. കുട്ടിയെ കാണാതായതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് കുട്ടിയെ കണ്ടെത്തുന്നതിനായി ഫോട്ടോയും കുട്ടിയുടെ സ്കൂൾ ഐഡി കാർഡ് അടക്കമുള്ള വിവരങ്ങളും ഷെയർ ചെയ്യുന്നത്. എന്നാൽ കുട്ടിയെ കണ്ടെത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി.