അയോദ്ധ്യ: രാമജന്മഭൂമിയായ അയോദ്ധ്യയിൽ ഔദ്യോഗികമായി ക്ഷേത്രനിർമ്മാണം ബലാലയ പ്രതിഷ്ഠയിൽ പ്രത്യേക പൂജാകർമ്മങ്ങൾ നടത്തിക്കൊണ്ട് ആരംഭിച്ചു. രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നിത്യ ഗോപാൽ ദാസ് ക്ഷേത്രത്തിന്റെ നിർമ്മാണം ഔദ്യോഗികമായി ഇന്നുമുതൽ തുടങ്ങിയതായി അറിയിക്കുകയായിരുന്നു. 2019 നവംബർ ഒമ്പതിനാണ് ഒരു നൂറ്റാണ്ടോളമായി തർക്കഭൂമിയായി കഴിഞ്ഞിരുന്ന അയോദ്ധ്യയിൽ സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് രാമക്ഷേത്ര നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുന്നത്. വിധി പ്രഖ്യാപിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള 5 ജഡ്ജിമാരുടെ ഭരണഘടന ബെഞ്ച് തർക്കമന്ദിര പ്രദേശത്ത് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഹൈന്ദവരുടെ വിശ്വാസം തർക്കരഹിതമാണെന്നും പറഞ്ഞിരുന്നു.
ബാബറി മസ്ജിദ് പണിയുന്നതിനായി സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലവും നൽകണമെന്ന് സുപ്രീം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണത്തിനായി വലിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളാണ് ക്ഷേത്ര ട്രസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയതിനാൽ ക്ഷേത്രനിർമ്മാണത്തിന് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ സുന്ദരവും പ്രൗഢമായ ക്ഷേത്രമായിരിക്കും അയോദ്ധ്യയിൽ ഉയരുന്നതെന്നും ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി.