പാലക്കാട് : നെന്മാറയിൽ അയൽവാസിയായ യുവതിയെ ആരും കാണാതെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്ത് വർഷം. അയിലൂർ സ്വദേശി റഹ്മാനാണ് അയൽവാസിയായ സജിത എന്ന യുവതിയെ വശീകരിച്ച് സ്വന്തം വീട്ടിലെത്തിച്ച് വർഷങ്ങളോളം രഹസ്യമായി താമസിപ്പിച്ചത്. ഇതിനിടയിൽ സജിതയെ ഇയാൾ മതം മാറ്റിയതായും സംശയം. സജിതയ്ക്ക് പതിനെട്ട് വയസ് പ്രായമുള്ളപ്പോഴാണ് ഇയാൾ വശീകരിച്ച് സ്വന്തം വീട്ടിലെത്തിച്ചത്.
റഹ്മാൻറെ കുടുംബം പോലും അറിയാതെയാണ് സജിത റഹ്മാന്റെ മുറിയിൽ പത്ത് വർഷം രഹസ്യമായി താമസിച്ചത്. റഹ്മാൻ പുറത്ത് പോകുന്ന സമയത്ത് മുറിയുടെ വാതിൽ പൂട്ടിയാണ് പോകാറുള്ളത്. വീട്ടിലുള്ളവരെ റഹ്മാൻ തന്റെ മുറിയിൽ കയറ്റിയിരുന്നില്ല. ജനലിന്റെ പലക മാറ്റി പുറത്ത് കടക്കാവുന്ന സംവിധാനവും റഹ്മാൻ നിർമ്മിച്ചിട്ടുണ്ട്. രാത്രിയായി എല്ലാവരും ഉറങ്ങിയതിന് ശേഷമാണ് സജിത ജനലിന്റെ പലക നീക്കി പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയിരുന്നത്. ജനൽ വഴിയാണ് റഹ്മാൻ ഭക്ഷണ സാധനങ്ങൾ സജിതയ്ക്ക് നൽകിയിരുന്നത്.
2010 ലാണ് സജിതയെ കാണാതാവുന്നത്. സജിതയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. സംശയത്തെ തുടർന്ന് അയൽവാസിയായ റഹ്മാനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന റഹ്മാൻ കഴിഞ്ഞ മാർച്ചിൽ വാടക വീടെടുത്ത് സജിതയെ അങ്ങോട്ട് മാറ്റിയിരുന്നു അവിടെയും രഹസ്യമായി തന്നെയാണ് സജിതയെ ഇയാൾ താമസിപ്പിച്ചിരുന്നത്.
റഹ്മാനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനിടയിൽ റഹ്മാനെ നെന്മാറയിൽ വെച്ച് കണ്ടതോടെയാണ് സംഭവങ്ങൾ പുറത്ത് വന്നത്. റഹ്മാനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സജിതയുടെ തിരോധാനത്തിന്റെ കഥയും പുറത്തായത്. തുടർന്ന് സജിതയെയും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് സജിത കോടതിയെ അറിയിച്ചു.