അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്‌ എന്ന ചിന്തയിൽ മാറ്റം വരുത്തണം ; സിത്താര

നാടിനെ നടുക്കുന്ന ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോഴുള്ള ദൃശ്യങ്ങൾ മാസ്സ് പടംപോലെ കണ്ട് ആവേശം കൊള്ളുന്നവർക്കെതിരെ ഗായിക സിതാര കൃഷ്ണകുമാർ രംഗത്ത്. ഇതെല്ലാം കണ്ട് മതത്തിനെയും ജില്ലയുടെയും അടിസ്ഥാനത്തിൽ ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധമാണെന്നും സിതാര കൃഷ്ണകുമാർ വിമർശിക്കുന്നു. മഴക്കെടുതിയിൽപോലും കയ്യും മെയ്യും മറന്നിറങ്ങിയ വയനാട്ടിലെയും ഇടുക്കിയിലെയും നിലമ്പൂരിലെയും ആളുകളും അവനവനെന്ന ചിന്തപോലും ഇല്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും നല്ല ഒന്നാന്തരം മനുഷ്യരാണെന്നും പച്ച മനുഷ്യരാണെന്നും സിതാര ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളും, വോളന്റീർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും, തിരുവന്തപുരത്തെയും പിള്ളേരും, കഴിഞ്ഞ വർഷം മഴക്കെടുതി കാലത്ത് കൈമെയ്യ് മറന്നു മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും, നിലമ്പൂരെയും, ഇടുക്കിയിലെയും ആളുകളും, ഇന്നലെ കൊണ്ടോട്ടിയിൽ അവനവൻ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും… ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യർ, നന്മയുള്ള പ്രതീക്ഷകൾ, പച്ചമനുഷ്യർ !!!! അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, “എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്‌,….. ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും ” ഈ മനുഷ്യരെ കണ്ട് ശീലിക്കണം !!!! അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്സ്ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയിൽ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ടു, ഉറങ്ങും മുന്നേ ഫേസ്ബുക്കിൽ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ് !!!