പത്തനംതിട്ട: ആംബുലൻസിൽ വെച്ച് ഡ്രൈവറുടെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പോലീസ്. ആയതിനാൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് കൗൺസിലിങ്ങിന് മനോരോഗ വിദഗ്ധനെ നിയമിച്ചിട്ടുണ്ട്. പെൺകുട്ടി സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന് നാലു ദിവസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ പെൺകുട്ടിയുടെ ശാരീരിക നില തൃപ്തികാര്യമാണെന്നും എന്നാൽ നൗഫൽ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നുള്ള കാര്യം വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടൂർ ഡിവൈഎസ്പി ആർ ബിനുവിനാണ് അന്വേഷണത്തിന് ചുമതല നൽകിയിട്ടുള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ രീതിയിലുള്ള അന്വേഷണവും നടത്തും. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ രണ്ടുദിവസത്തിന് കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയോടൊപ്പം അടൂരിൽ നിന്നും കോഴഞ്ചേരി ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ വീട്ടമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എന്നാൽ ഇവരിൽ നിന്നും അന്വേഷണത്തിനു സഹായകമാകുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ,
ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ എന്നിവരും പോലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പെൺകുട്ടിയെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോൾ ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെൺകുട്ടിയെ ആംബുലൻസിൽ നൗഫൽ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഇക്കാര്യം ഹോസ്പിറ്റൽ അധികൃതരോടും പോലീസിനോടും പെൺകുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.