ന്യുഡൽഹി : ചലച്ചിത്രതാരവും മോഡലുമായ ലീന മരിയ പോളിനെ പോലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഡൽഹി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ആഡംബര ഹോട്ടലിൽ നിന്നുമാണ് താരത്തെ അറസ്റ്റ് ചെയ്തത്. തീഹാർ ജയിലിൽ കഴിയുന്ന ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്നു മലയാള ചലച്ചിത്രതാരമായ ലീന മരിയ പോൾ.
കാനറ ബാങ്കിന്റെ ചെന്നൈ ശാഖയിൽ നിന്നും പത്തൊൻപത് കോടി രൂപയും, വസ്ത്ര വ്യാപാരിയിൽ നിന്ന് അറുപത് ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ നേരത്തെ ലീനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്ന. തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മറ്റൊരാളിൽ നിന്നും അൻപത് കോടി രൂപയും ഇരുവരും ചേർന്ന് തട്ടിയെടുത്തിരുന്നു. തട്ടിപ്പ് നടത്തിയശേഷം ആഡംബര ഹോട്ടലുകളിലും പബുകളിലും സമയം ചിലവഴിക്കുന്ന താരം നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.
തട്ടിപ്പിന്റെ സൂത്രധാരനായ സുകാഷ് ജയിലിൽ കഴിയുകയും ലീനയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ലീനയുടെ പങ്ക് തെളിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര, റെഡ് ചില്ലീസ് തുടങ്ങിയ സിനിമയിൽ ലീന അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത് സജീവമായ താരം ബ്യുട്ടിപാർലർ നടത്തിയിരുന്നു.