തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീരണകാവ് ഏഴാമുഴി സ്വദേശി ഗായത്രിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ പ്രവീണിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രവീണുമായി ഒരു വർഷം മുൻപാണ് ഗായത്രി പരിചയപ്പെടുന്നത്. പരിചയം പ്രണയമാകുകയും ആരും അറിയാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഗായത്രി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്യുന്നതിനിടയിലാണ് പ്രവീൺ ഗായത്രിയുമായി അടുപ്പത്തിലായത്.
ഗായത്രിയും പ്രവീണും അടുപ്പമാണെന്ന് സഹപ്രവർത്തകരും പിന്നെ ഗായത്രിയുടെയും പ്രവീണിന്റേയും കുടുംബവും മനസിലാക്കിയിരുന്നു. തുടർന്ന് ഗായത്രി ജോലി ഉപേക്ഷിച്ച് വീടിന് സമീപത്തുള്ള ജിംനേഷ്യത്തിൽ ഇൻട്രാക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. പ്രവീണിന് തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ തന്നെയും കൂടെ കൊണ്ട് പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ മുറിയെടുത്ത് ഗായത്രിയെ വിളിച്ച് വരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
പ്രവീണിനോട് മകളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞതാണെന്നും അപ്പോഴൊക്കെ വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും ഉടൻ തന്നെ ഗായത്രിയുടെ കഴുത്തിൽ താലികെട്ടുമെന്നും പ്രവീൺ പറഞ്ഞതായി ഗായത്രിയുടെ മാതാവ് പറയുന്നു. പ്രവീണിന്റെ ആദ്യ ഭാര്യ വീണ്ടും ഗർഭിണിയായതോടെ പ്രവീണുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മകളോട് പറഞ്ഞിരുന്നതായും മാതാവ് പറയുന്നു. ഇതിന് ശേഷമാണ് ജൂവലറി ജോലി ഉപേക്ഷിച്ച് വീടിനടുത്ത് ഗായത്രി ജോലിക്ക് കയറിയതെന്നും ഇവർ പറയുന്നു.
ശനിയാഴ്ച സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തിട്ട് വരാമെന്ന് പറഞ്ഞാണ് ഗായത്രി വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ഗായത്രിയെ വിളിച്ചപ്പോൾ പ്രവീൺ ആണ് ഫോൺ എടുത്തത്. ഗായത്രിക്ക് ഫോൺ നൽകാൻ പറഞ്ഞിട്ടും പ്രവീൺ ഫോൺ നൽകിയില്ല മൂന്ന് പ്രാവിശ്യം വിളിച്ചപ്പോഴും ഫോൺ നൽകാൻ പ്രവീൺ തയ്യാറായില്ല. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും മാതാവ് പറയുന്നു. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഒരു വർഷം മുൻപ് ആദ്യ ഭാര്യ പിണങ്ങിയപ്പോഴാണ് പ്രവീൺ ഗായത്രിയുമായി അടുപ്പത്തിലാകുന്നത്. ജൂവലറി ജീവനക്കരെ ഹോസ്റ്റലിൽ എത്തിച്ചിരുന്നത് പ്രവീണായിരുന്നു സ്ഥിരമായി പ്രവീണിന്റെ വാഹനത്തിലായിരുന്നു ഗായത്രി ഹോസ്റ്റലിലേക്ക് പോയിരുന്നത്. ഈ യാത്രയിലാണ് ഇരുവരും അടുപ്പത്തിലാകുന്നത്. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തുമെന്ന് പ്രവീൺ ഗായത്രിയോട് പറഞ്ഞിരുന്നു.