ഹാസ്യ കഥാപാത്രമായി മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ബിന്ദു പണിക്കർ. സംവിധായകൻ സിബിമലയിൽ തന്റെ കമലദളം എന്ന ചിത്രത്തിലൂടെയാണ് ഈ അനശ്വര കലാകാരിയെ മലയാളികൾക്ക് സമ്മാനിച്ചത്. 1992 കാലഘട്ടം മുതൽ ഇന്നുവരെ മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിട്ടുള്ള താരം നിരവധി ചിത്രങ്ങളിൽ അമ്മയായും സഹനടിയായായും മികച്ച അഭിനയം കാഴ്ച വച്ചു.
കോഴിക്കോട് ജനിച്ചു വളർന്ന താരം കൊച്ചിൻ കലാഭവനിൽ നിന്നും ശാസ്ത്രീയ നൃത്തം പരിശീലിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിൽ ദേവുമ്മ എന്ന കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും താരം സ്വന്തമാക്കി. നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റിന്റെ ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു.
കാബൂളിവാല, തൂവൽ കൊട്ടാരം, അർജുനൻ പിള്ളയും അഞ്ചുമക്കളും, നിറം, ജോക്കർ, ദോസ്ത് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം തന്റേതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. സിനിമയിൽ സജീവമായ സമയത്തായിരുന്നു 1997 ൽ സംവിധായകൻ ബിജു വി നായരുമായി താരം വിവാഹിതയായത്. ഈ ബന്ധത്തിൽ കല്യാണി എന്നൊരു മകളും താരത്തിനുണ്ട്. 2003 ൽ ഹൃദയാഘാതത്തെ തുടർന്ന് ബിജു വി നായർ മരണമടയുകയും തുടർന്ന് ബിന്ദു പണിക്കർ ഒറ്റപ്പെടുകയുമായിരുന്നു. ഭർത്താവിന്റെ മരണം ബിന്ദു പണിക്കരുടെ ജീവിതത്തിൽ വലിയ ആഘാതമാണുണ്ടാക്കിയത്. സിനിമയിൽ നിന്നും ഏറെ നാൾ വിട്ട് നിൽക്കാനും ഈ സംഭവം ഇടയാക്കി.
ഇപ്പൊഴിത തന്റെ ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ബിന്ദു പണിക്കർ. ആദ്യ ഭർത്താവിന്റെ മരണം തന്റെ മനസ്സിനേൽപ്പിച്ച മുറിവ് വലുതായിരുന്നെന്നും താരം പറയുന്നു. അസുഖ ബാധിതനായി അദ്ദേഹം വെന്റിലേറ്ററിൽ കഴിഞ്ഞ സമയത്ത് താൻ തന്നെയായിരുന്നു കൂടെ ഉണ്ടായിരുന്നതെന്നും പക്ഷെ കൂടെഉണ്ടായിരുന്നയാൾ പെട്ടന്ന് ഇല്ലാതായപ്പോൾ അത് തനിക്ക് തന്ന ഷോക്ക് വലുതായിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം വലിയ ഒരു ഒറ്റപ്പെടലാണ് താൻ അനുഭവിച്ചതെന്നും ഏകദേശം മൂന്നുവർഷമെങ്കിലും വേണ്ടിവന്നു തനിക് ആ ഷോക്കിൽനിന്നും മുക്തയാകാനെന്നും താരം പറയുന്നു.
ഒറ്റപ്പെടലിൽ നിന്നും പിന്നീട് ജീവിതം മുന്നോട്ട് പോകാൻ ആൺതുണ ആവശ്യമായി തോന്നിയത് കൊണ്ടാണ് സായികുമാറുമായി അടുപ്പത്തിലായതെന്നും താരം പറയുന്നു. ഏറെ നാളത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് 2009 ൽ താരം നടനായ സായ്കുമാറിനെ വിവാഹം ചെയ്തത്.