ആറു വയസ്സുള്ള പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കൊച്ചി: ആലുവയിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ അച്ഛന്റെ സഹോദരിയായ യുവതി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേസുമായി ബന്ധപ്പെട്ട് തുടർന്നുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പോസ്കോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് തുടരന്വേഷണം എടത്തല പോലീസിൽ നിന്നും ഡിവൈഎസ്പി ഓഫീസിലേക്ക് എസ് ഐ കൈമാറിയിരുന്നുവെങ്കിലും നടപടികൾ കൈകൊണ്ടിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, അംഗം കെ നസീർ എന്നിവർ ഉൾപ്പെട്ടിരിക്കുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. മദ്യം കുടിപ്പിച്ചെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നേരത്തെ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികളെ ചോദ്യം ചെയ്യുന്നതിനുവേണ്ടി പോലീസ് തയ്യാറാകുന്നില്ലെന്നും പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Also Read  കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ഗ്രൂപ്പ് ഫോട്ടോയെടുത്ത 46 പേർക്കെതിരെ കേസ്