ആലുവയിൽ മൂന്നു വയസുകാരൻ നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലം പുറത്ത്

കൊച്ചി: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലം പുറത്ത്. നാണയം വിഴുങ്ങിയത് മൂലമല്ല മരണം സംഭവിച്ചതെന്നും ശ്വാസതടസ്സമാണ് മരണ കാരണമെന്നും ആന്തരിക അവയവ പരിശോധനയിൽ അസ്വാഭാവികമായ രീതിയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമാണ് മരണം സംഭവിച്ചത്. എന്നാൽ കുട്ടി മരിക്കാനിടയായത് ചികിത്സാപ്പിഴവുമൂലം ആണെന്ന് ബന്ധുക്കൾ ആരോപണം ഉയർന്നിരുന്നു.

നാണയം വിഴുങ്ങിയത് മൂലമല്ലെന്നും കുട്ടിക്ക് ഇതിനുമുൻപും ശ്വാസതടസ്സം ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിലും സംശയം ഉയർന്നു വന്നിട്ടുണ്ട്. നാണയം വിഴുങ്ങിയതിനെ തുടർന്ന് ആലുവ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. പഴവും വെള്ളവും നൽകിയാൽ മലശോധനത്തിലൂടെ നാണയം പുറത്തുവരുമെന്ന് പറഞ്ഞ് ഹോസ്പിറ്റൽ അധികൃതർ ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ പറയുന്നുണ്ട്. കൂടാതെ ഈ മൂന്ന് ആശുപത്രികളും അനാസ്ഥ കാട്ടിയതായി വാർത്തകൾ വ്യാപകമായി വന്നിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ കുട്ടിയുടെ വയറ്റിൽ വൻകുടലിന്റെ ഭാഗത്തായി രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നതായും വ്യക്തമായിരുന്നു.