ഇതാണ് മനുഷ്യർക്ക് വേണ്ടിയുള്ള മനുഷ്യരുടെ കരുതൽ തോൽക്കാൻ മനസ്സില്ലാത്ത ജനത ; കുറിപ്പുമായി ബിഗ്‌ബോസ് താരം മഞ്‍ജു സുനിച്ചൻ

കരിപ്പൂർ വിമാനാപകത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ദുരന്തത്തിന്റെ വ്യാപ്തി കുറക്കുകയും ചെയ്തത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായപ്പോൾ അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാനും രക്തം നൽകുവാനും സാധിച്ചു.

ആംബുലൻസിന് പോലും കാത്ത് നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആളുകളെ ആശുപത്രിയിൽ എത്തിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കവെ അത് വകവെയ്ക്കാതെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിരുന്നു. ഇപ്പോൾ സിനിമാ സീരിയൽ താരമായ മഞ്ജു സുനിച്ചൻ നാട്ടുകാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം രക്ഷാപ്രവർത്തനം നടത്തിയവരെ അഭിന്ദിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

വിമാന അപകടം ഉണ്ടായപ്പോൾ കൊറോണയെ പേടിക്കാതെ, ആംബുലൻസിന് കാത്ത് നിൽക്കാതെ സ്വന്തം വണ്ടിയിൽ ശരവേഗത്തിൽ മനുഷ്യ ജീവനും കൊണ്ട് ഓടിയ കൊണ്ടോട്ടിക്കാർ, അപകടം അറിഞ്ഞെത്തിയ മറ്റുള്ളവർ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്.

കരിപ്പൂർ അപകടം കാരണം അപ്രതീക്ഷിതമായി കണ്ണൂരിൽ ഇറങ്ങേണ്ടി വന്ന യാത്രക്കാർക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അര്‍ദ്ധ രാത്രിയിലും ഭക്ഷണം തയ്യാറാക്കി
നല്‍കുന്ന യുവജനങ്ങള്‍. ഇതാണ് മനുഷ്യർക്ക് വേണ്ടിയുള്ള മനുഷ്യരുടെ കരുതൽ തോൽക്കാൻ മനസ്സില്ലാത്ത ജനത.. മലയാളി മനസ്സ്.