ജനീവ: കോവിഡ്-19 അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നും അടുത്ത മഹാമാരിയെ നേരിടാൻ കൂടുതൽ തയ്യാറാകണമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മഹാമാരികൾ ഇനിയുമുണ്ടാകുമെന്നു ചിന്തിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ലോകരാജ്യങ്ങളോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മേധാവി ട്രെഡോസ് ആധാനോം ഗെബ്രിയേസൂസ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പൊതുജന ആരോഗ്യ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനായി രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ജനീവയിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മഹാമാരികൾ ജീവിതത്തിന്റെ ഭാഗമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി എപ്പോൾ വരുന്നോ അതിനെ നേരിടുന്നതിനായി ലോകം സജ്ജമായിരിക്കണം. കൊറോണ വൈറസ് രോഗം ആഗോളതലത്തിൽ 27.19 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതായും 888326 പേർ മരണപ്പെട്ടതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ വുഹാനിലാണ് 2019 ഡിസംബറിൽ ആദ്യ കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്തത്.