ഇനി വൈദ്യതി മുടങ്ങില്ല മുടങ്ങിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ; പുതിയ നയവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്തെ വൈദ്യുതി മേഖലയിലും വിപ്ലവകരമായ രീതിയിലുള്ള മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. 24 മണിക്കൂറും തടസ്സമില്ലാത്ത തരത്തിൽ രാജ്യത്തെ ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. പ്രകൃതിക്ഷോഭം പോലുള്ള വലിയ തടസ്സങ്ങൾ നേരിട്ടെങ്കിൽ മാത്രമേ ഇനിമുതൽ വൈദ്യുതി വിതരണത്തിന് തടസ്സം നേരിടാൻ പാടുള്ളൂ. എന്നാൽ അല്ലാത്തപക്ഷം വൈദ്യുതിബന്ധം എപ്പോൾ തടസ്സപ്പെടുമെന്നുള്ള കാര്യം ഉപഭോക്താവിനെ കൃത്യമായി അറിയിച്ചിരിക്കും വേണം. ജനങ്ങൾക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് നിലവിൽ കേന്ദ്ര സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുന്നത്.

വൈദ്യുതി വിതരണം നഷ്ടപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ള ചട്ടങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള കാര്യം ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ മുൻകൂട്ടി അറിയിക്കാതെ എവിടെയും വൈദ്യുതി തടസ്സപ്പെടുകയോ അറിയിച്ച സമയപരിധി കഴിഞ്ഞിട്ടും വൈദ്യുതി പുനസ്ഥാപിക്കാതിരിക്കുകയോ ചെയ്താൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടിയും കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത്തരത്തിലുള്ള നഷ്ടപരിഹാരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ വൈദ്യുതി വിതരണ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കുമുള്ള ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടികൊണ്ടാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്നും ദേശീയ മാധ്യമത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം ആവശ്യത്തിലധികമായ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത്.