ഇന്ത്യയിൽ ടിക് ടോക് നിരോധനത്തിന് പിന്നാലെ ചൈനയ്ക്ക് കനത്ത തിരിച്ചടി: ആസ്ഥാനം മാറ്റിസ്ഥാപിക്കാനൊരുങ്ങി ടിക് ടോക് കമ്പനി

ബീജിങ്: ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തെ തുടർന്ന് ടിക്ടോക് അടക്കമുള്ള 59 ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചൈനയ്ക്ക് തിരിച്ചടിയായി ടിക് ടോക്കിന്റെ ആസ്ഥാനം ചൈനയിൽ നിന്നും മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കവുമായി ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ്. ചൈനയിൽ നിന്നും കമ്പനിവിട്ടു മാറുന്നതിനു വേണ്ടിയുള്ള പദ്ധതികൾ മുന്നോട്ടു വെക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടിക് ടോക് ഉപഭോക്താക്കളുടെ 30 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ബൈറ്റ് ഡാൻസിന് നേരിടേണ്ടി വന്നത് കനത്ത സാമ്പത്തിക നഷ്ടമാണ്.

ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവുമായി അമേരിക്കയും ആസ്ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ നിർത്തിക്കൊണ്ട് ബൈറ്റ് ഡാൻസ് ടിക് ടോക്ക് ആസ്ഥാനം മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം കൈക്കൊള്ളുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ടിക് ടോക് നിരോധനത്തിൽ ബൈറ്റ് ഡാൻസിന് ആറ് ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് കത്തയക്കുകയും ചെയ്തിരുന്നു.