ന്യുഡൽഹി : ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റണമെന്ന് ചലച്ചിത്രതാരം കങ്കണ റണൗട്ട്. ഇന്ത്യ എന്ന പേര് അടിമത്വത്തിന്റെ പ്രതീകമാണെന്നും എത്രയും പെട്ടെന്ന് ഇന്ത്യ എന്നതിന് പകരം രാജ്യത്തെ ഭാരതം എന്ന പേരിൽ രേഖപ്പെടുത്തണമെന്നും കങ്കണ പറയുന്നു. തന്റെ വിവിധ സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയാണ് കങ്കണ ഇങ്ങനെ ആവശ്യപ്പെട്ടത്.
ഭാരത സംസ്കാരത്തിന്റെ അടിത്തറ ആത്മീയതയും ജ്ഞാനവുമാണ്. ഇവയ്ക്ക് മുൻഗണന നൽകി കൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നായിക്കു എന്നും. പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കാതെ നമ്മുടെ തനത് സംസ്കാരങ്ങൾക്കനുസരിച്ച് മുന്നോട്ട് പോയാൽ മാത്രമേ നമുക്ക് പുരോഗതി നേടാൻ സാധിക്കുകയുള്ളു എന്നും കങ്കണ പറയുന്നു.
ബ്രിട്ടീഷുകാർ നമുക്ക് നൽകിയ അടിമപേരാണ് ഇന്ത്യയെന്നും ഈ പേര് ഉപയോഗിക്കുന്നതിലൂടെ രാജ്യത്തെ നമ്മൾ അപമാനിക്കുകയാണെന്നും കങ്കണ പറയുന്നു. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കി നഷ്ടപ്പെട്ടുപോയ പ്രതാപം നമ്മൾ വീണ്ടെടുക്കണമെന്നും കങ്കണ പറയുന്നു.