ഡൽഹി: പുൽവാമ മോഡലിൽ ഇന്ത്യക്ക് നേരെ വൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടുകൊണ്ട് പാക് ഭീകരസംഘടനകൾ എല്ലാം ഒന്നിച്ചുകൊണ്ട് ഗാസ്നവി ഫോഴ്സ് രൂപീകരിച്ചു. പാക് ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷികം അടുത്തപ്പോളാണ് ഇത്തരം ഒരു നീക്കവുമായി പാക്കിസ്ഥാൻ എത്തിയിരിക്കുന്നത്. രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുണ്ട്.
സംഘടനയിൽ ലഷ്കർ ഇ തൊയ്ബ, അൽ ബാദർ, ഹിസ്ബുൾ മുജാഹുദീൻ തുടങ്ങിയ ഭീകര സംഘടനകളിലൂടെ പരിശീലനം നേടിയ കൊടുംഭീകരരെ ഉൾപ്പെടുത്തിക്കൊണ്ടാണ് സംഘടനയുടെ രൂപീകരണം. പുതിയ സംഘടനയ്ക്ക് പിന്നിൽ ഐ എസ് ഐ എസ് എന്ന ഭീകരസംഘടനയും പിൻബലം നൽകുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. 27 ഓളം പേർക്ക് ഐ എസ് ഐ എസ് നേതൃത്വത്തിൽ പരിശീലനവും നൽകിയതായി പറയുന്നു. ഇവരുടെ പ്രാധാനലക്ഷ്യം ചാവേറാക്രമണമാണ്. അതിർത്തിയിൽ നിൽക്കുന്ന സൈന്യത്തിന് നേരെ ചാവേറായി ആക്രമണം അഴിച്ചു വിടുക തുടങ്ങിയവയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൂടാതെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറിയതുപോലെയുള്ള ആക്രമണവും നടത്താൻ ഗാസ്നവി ഫോഴ്സ് ലക്ഷ്യമിടുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഇതിനെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.