ഇന്ത്യ ഒരുകാലത്തും ഒരു രാജ്യത്തേക്കും നുഴഞ്ഞു കയറിയിട്ടില്ല: എന്നാൽ ഇങ്ങോട്ട് വന്നവർക്ക് മറുപടി നല്കാതിരുന്നിട്ടില്ല: കാർഗിൽ ദിനത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചു സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ഇന്ത്യ ഒരു കാലത്തും ഒരു രാജ്യത്തിന്റെയും അതിർത്തി നുഴഞ്ഞുകയറാനോ അതിർത്തി ലംഘിക്കാനോ തയ്യാറായിട്ടില്ല. എന്നാൽ നമുക്കെതിരെ വന്നവർക്ക് നമ്മൾ മറുപടി നൽകാതിരുന്നിട്ടില്ല. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് സുരേഷ് ഗോപി എംപി. 1999 കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് മലയാളചിത്രമായ വാഴുന്നോരുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. അന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച തൃപ്പൂണിത്തുറയിലെ ലെഫ്റ്റ് കേണൽ വിശ്വനാഥന്റെ വീട്ടിലെത്തിയത് സംവിധായകൻ ജോഷിയുടെ അനുവാദം വാങ്ങിയ ശേഷമായിരുന്നു. അന്ന് കുടുംബക്കാർ മാത്രം പങ്കെടുത്ത അവസാന നിമിഷത്തിലെ ആ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു.

അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ സാധിച്ചു. ജീവിതത്തിൽ രാജ്യ സമർപ്പണമെന്ന നിലയിൽ താൻ കാണുന്നത് ആ നിമിഷമാണെന്നും സുരേഷ് ഗോപി അനുസ്മരിച്ചു. കൂടാതെ കാശ്മീരിൽ വീരമൃത്യു വരിച്ച ജെറി, കേണൽ നിരഞ്ജൻ, സിയാച്ചിനിൽ മഞ്ഞിടിച്ചിലിൽ മരണപ്പെട്ട സുധീഷ് തുടങ്ങിയവരുടെ കുടുംബത്തോടൊപ്പം ചേർന്നു നിൽക്കാൻ തനിക്ക് സാധിച്ചു. ഇന്നത്തെ ദിനം ഇന്ത്യൻ ജനതയുടെ വിജയ ദിവസമാണെന്നും ഈ വിജയത്തിൽ സന്തോഷ കണ്ണീരോടെ ചേരുന്നതായും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ നിലകൊള്ളുന്നത് സമാധാനത്തിനു വേണ്ടിയാണെന്നും എന്നാൽ നടുവളച്ച് സമാധാനത്തിനു വേണ്ടി യാചിക്കില്ലെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

Also Read  ഇന്ത്യയിൽ കൊറോണ ബാധിതർ നവംബറിൽ ഇരട്ടിയാകുമെന്ന് ഐസിഎംആർ ന്റെ പഠന റിപ്പോർട്ട്

രാജ്യത്തിന്റെ അഭിമാനത്തെയും അധിനിവേശ ശ്രമത്തെയും ചോദ്യം ചെയ്തുകൊണ്ടുള്ള നുഴഞ്ഞുകയറ്റ ശ്രമത്തെ വളരെ മര്യാദയോടെ കൂടിയാണ് ഇന്ത്യ തടഞ്ഞത്. ഇന്ത്യൻ സൈന്യത്തിന്റെ ആ മര്യാദയെ ലോകം വാഴ്ത്തുന്നതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് പാകിസ്ഥാൻ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തെ ധീരമായ രീതിയിൽ ചെറുത്തു തോൽപ്പിച്ച് ഇന്നേക്ക് 21 വർഷം തികയുകയാണ്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി എംപി വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് അനുമോദനം നൽകിക്കൊണ്ട് സംസാരിച്ചത്.