ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം; വെടിവെപ്പ് നടന്നതായി റിപ്പോർട്ട്

ലഡാക്ക്: കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ വെടിവെപ്പ് നടന്നതായാണ് പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളുടെയും സൈന്യം മെയ് മാസം മുതൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ജൂൺ മാസത്തിൽ ഗാൽവൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യയുടെ ഇരുപതിലധികം സൈനികർ വീരമൃതു വരിക്കുകയും ചൈനയുടെ നാൽപതിലധികം സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. പ അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനു വേണ്ടി ഇരുരാജ്യങ്ങളും തമ്മിൽ ലെഫ്റ്റ് ജനറൽ തലത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. ചർച്ചയിൽ പ്രതിരോധമന്ത്രിമാരും പങ്കെടുത്തെങ്കിലും ഫലമുണ്ടായില്ല. ഇരു രാജ്യങ്ങളും പാങ്കോങ് തീരത്തെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി സൈനിക ശക്തി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൻ ആയുധശേഖരവും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ലഡാക്കിൽ തങ്ങിയ കരസേനാ മേധാവി ജനറൽ എം എം നരവാനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടി ചർച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധമന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.