ഇന്ത്യ പാക് അതിർത്തി രവി നദിയിൽ നിന്നും വലിയ തോതിൽ ഹെറോയിൻ പിടികൂടി

ഡൽഹി: ഇന്ത്യാ-പാക് അതിർത്തിയിലെ ഒഴുകുന്ന രവി നദിയിൽ നിന്നും വൻ മയക്കുമരുന്ന് വേട്ട. അതിർത്തി രക്ഷാസേന നദിയിൽ നിന്നും 64. 33 കിലോ വരുന്ന 60 പാക്കറ്റ് ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യ-പാക് അതിർത്തി പ്രദേശമായ പഞ്ചാബ് ഗുരുദാസ്പൂർ ഭാഗത്തുനിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിക്ക് നദിയുടെ ഭാഗത്ത് സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഹെറോയിൻ പിടികൂടുകയായിരുന്നുവെന്ന് ബിഎസ്എഫ് ഡിഐജി രാജേഷ് ശർമ പറഞ്ഞു.

വലിയ തുണികളിൽ പൊതിഞ്ഞ് ട്യൂബിൽ നിറച്ച് വെള്ളത്തിലെ കുറ്റിച്ചെടികൾ കെട്ടിയ നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ഏകദേശം 1500 മീറ്റർ നീളം വരുന്ന നൈലോൺ ചരടിലാണ് ട്യൂബ് ബന്ധിപ്പിച്ചിരുന്നത്. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയതാണിതെന്നാണ് അതിർത്തിയിലെ സൈനികർ പറയുന്നത്.