ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം; ഹരീഷ് പേരടി

മലയാള സിനിമകൾക്ക് ഇന്ന് കറുപ്പിന്റെ സൗന്ദര്യം നഷ്ടമായെന്ന് നടൻ ഹരീഷ് പേരടി. പഴയകാലത്തെ സിനിമകളുടെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് പേരടി കറുപ്പിന്റെ സൗന്ദര്യത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ വർണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ… പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ… അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു… സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു.. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു… ഇപ്പോൾ കറുത്ത നായകന്റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്..

വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്… അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവൻ പോലും ഒരു കാരണമുണ്ട്.. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ… ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം… നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ ?…