തൃശൂർ : ഇൻഷുറൻസ് പോളിസി ചേർക്കാനെത്തിയ യുവതിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി ജയൻ കെ രാജൻ (35) ആണ് അറസ്റ്റിലായത്. പോളിസിയിൽ ചേരാമെന്ന് വാഗ്ദാനം നൽകിയ ശേഷം നഗരമധ്യത്തിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്.
പ്രതിയുടെ നിർദേശ പ്രകാരം ഹോട്ടൽ മുറിയിലെത്തിയ യുവതിക്ക് മയക്ക് മരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോളിസിയിൽ ചേരാമെന്നും കൂടുതൽ വിവരങ്ങൾ അറിയണമെന്നും ഹോട്ടലിൽ എത്തിയാൽ സംസാരിക്കാമെന്നും പറഞ്ഞാണ് യുവതിയെ പ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത്.
ഹോട്ടൽ മുറിയിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ മയക്ക് മരുന്ന് കലർത്തിയ പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു ഹോട്ടലിൽ എത്തിച്ചും യുവതിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ വെസ്റ്റ് സബ് ഇൻസ്പെക്ടർ കെസി ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.