കോട്ടയം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താ ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് തിരുവഴിയോട് സ്വദേശി റിയാസ് (35) ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി സ്കൂളിൽ വൈകി എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ റിയാസ്. വിവാഹിതനാണെന്ന കാര്യം മറച്ച്വെച്ചാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പാലക്കാടിൽ നിന്നും ഈരാറ്റുപേട്ടയിലെത്തിയ റിയാസ് ലോഡ്ജിൽ മുറിയെടുത്ത ശേഷം സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പിന്നീട് ഏറെ വൈകി പെൺകുട്ടിയെ സ്കൂളിന് മുന്നിൽ ഇറക്കി വിട്ട ശേഷം പ്രതി കടന്ന് കളയുകയായിരുന്നു.
അതേസമയം അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പൊലീസിന് പ്രതിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഇൻസ്റ്റഗ്രാം അകൗണ്ടും,സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
പല ഡിവൈഎസ്പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട എസ്എച്ഒ പ്രസാദ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.