ഉണ്ണി മുകുന്ദൻ പ്രധാനകഥാപാത്രമായി എത്തിയ മാർക്കോ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് മാർക്കോ എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് സംവിധായകൻ പദ്മകുമാർ. സ്വന്തം ആരാധകവൃന്ദത്തിൻ്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ‘MARCO’ എന്ന നായകൻ കുതിച്ചുകയറുകയാണെന്ന് പദ്മകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സംവിധായകന്റെ വാക്കുകളിലേക്ക്,
‘അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന അല്ലെങ്കിൽ നമുക്കു പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃത്ഥിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും.
ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദ്ദൻ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാർച്ച് 12 ‘ൻ്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള ,ഭംഗിയായി ചിരിക്കുന്ന ,ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. ‘മല്ലുസിംഗി’ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരു പാടു സിനിമകൾക്കു ശേഷം ‘മാളികപ്പുറം’ എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ ക്യാരിയറിൻ്റെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണിമുകുന്ദൻ എന്ന നടൻ ‘വേറെ ലെവൽ’ എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു; ‘MARCO’ എന്ന MASS ചിത്രത്തിലൂടെ.
സ്വന്തം ആരാധകവൃന്ദത്തിൻ്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ‘MARCO’ എന്ന നായകൻ കുതിച്ചുകയറുന്നു.നിറഞ്ഞു കവിഞ്ഞ തിയ്യേറ്ററിൽ അതിനു സാക്ഷിയാകാൻ കഴിഞ്ഞതിൻ്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കു വെക്കുന്നു. പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ.. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണിമുകുന്ദൻ എന്ന dedicated actor നു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി & TEAM’, പദ്മകുമാർ പോസ്റ്റിൽ പറഞ്ഞു.
ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോട് കൂടിയാണ് ചിത്രം തീയറ്ററിൽ എത്തിയത്. വിശേഷണം അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്നതാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ എന്നാണ് ആരാധകർ പറയുന്നത്. പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ 5 കോടിയാണ് ചിത്രം ഓപണിംഗ് കളക്ഷൻ ആയി നേടിയത്.