ലക്നൗ : 2018 ൽ മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ട നടിയും മോഡലുമായ അർച്ചന ഗൗതമിനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്സ്. മീററ്റിലെ ഹസ്തിനപൂർ മണ്ഡലത്തിൽ നിന്നാണ് അർച്ചന ഗൗതം മത്സരിക്കുന്നത്. അർച്ചന സ്ഥാനാർത്ഥിയായതോടെ കോൺഗ്രസ്സ് പ്രവർത്തകർ ആവേശത്തിലാണ്. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ അർച്ചന ഗൗതമിന്റെ സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നാണ് കോൺഗ്രസ്സ് കണക്ക് കൂട്ടുന്നത്.
അതേസമയം പ്രതിപക്ഷ പാർട്ടികൾ അർച്ചനയുടെ സ്തനാർഥിത്വത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അർച്ചനയുടെ ബിക്കിനി ചിത്രങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ പരിഹാസ പ്രചാരണം നടത്തുന്നത്. അർച്ചനയുടെ നിരവധി ബിക്കിനി ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
ജോലിയെയും രാഷ്ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് അർച്ചന ഗൗതം രംഗത്തെത്തിയിരിക്കുകയാണ്. മോഡലിംഗ് തന്റെ ജോലിയാണെന്നും അതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് അർച്ചന പറഞ്ഞു. കലാകാരിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാമെന്നും അതിൽ തെറ്റൊന്നും ഇല്ലെന്നും കോൺഗ്രസ്സ് പ്രതികരിച്ചു.