ഭോപ്പാൽ : ബോളിവുഡ് താരം ശ്വേതാ തിവാരിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഭോപ്പാൽ ഷിംല പൊലീസിന് ലഭിച്ച പരാതിയിലാണ് നടപടി. ഐപിസി 295-എ വകുപ്പ് ചുമത്തിയാണ് താരത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കേസ് എടുത്തതിന് പുറമെ ഉടൻ തന്നെ നടിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ജാമ്യം ലഭിക്കുമെങ്കിലും കോടതിയിൽ നിന്ന് നടപടി ഉണ്ടാകുമെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ് (മേരെ ബ്രാ കി സൈസ് കി ഭഗവാൻ ലെ രഹെ ഹെ )എന്നായിരുന്നു ഹിന്ദിയിൽ താരത്തിന്റെ പ്രസ്താവന. നടിയുടെ വാക്കുകൾ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചതിന് പിന്നാലെയാണ് ഭോപ്പാൽ സ്വദേശിയായ സോനു പ്രജാപതി മതവികാരം പ്രാണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.
പുതിയ വെബ്സീരിസ് റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി വാർത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് താരം ഈ പരാമർശം നടത്തിയത്. താരത്തിന്റെ പരാമർശം അടങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി വിശ്വാസികൾ രംഗത്തെത്തിയത്. സംഭവത്തിൽ ഭോപ്പാൽ പോലീസ് മേധാവിയോട് ആഭ്യന്തര മന്ത്രി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.