കൊച്ചി: എറണാകുളം ലോ കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും കെ എസ് യു പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ കോളേജിൽ പുൽവാമ അനുസ്മരണം നടത്തിയിരുന്നു. ഈ സമയത്ത് കെ എസ് യു പ്രവർത്തകർ കോളേജിൽ തീറ്റ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ ഉന്തും തള്ളും വാക്ക്പോരും ഒടുവിൽ സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. വലിയ കമ്പുകളും പട്ടിക കഷ്ണങ്ങളും സ്റ്റാമ്പുകളും മറ്റും ഉപയോഗിച്ച് കൊണ്ടു ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
എസ് എഫ് ഐ പ്രവർത്തകർ തങ്ങളുടെ പരിപാടി അലങ്കോലപ്പെടുത്താൻ എത്തിയെന്നു കെ എസ് യുവും കെ എസ് യുക്കാർ പുറത്തു നിന്നും ആളെ ഇറക്കി തങ്ങളെ തല്ലാനെന്നു എസ് എഫ് ഐയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങൾ ഉയർത്തി. സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തകരെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലും എസ് എഫ് ഐ പ്രവർത്തകരെ എറണാകുളം ജനറൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഒരു എസ് എഫ് ഐ പ്രവർത്തകന്റെ മൂക്കിന്റെ പാലത്തിനു തകരാറു സംഭവിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് എസ് എഫ് ഐ പ്രവർത്തകരും നാല് കെ എസ് യു പ്രവർത്തകരും ഹോസ്പിറ്റൽ ചികിത്സയിലാണ്. ഒരു കെ എസ് യു പ്രവർത്തകന്റെ കൈക്ക് ഒടിവുണ്ടെന്നും പറയുന്നു. സംഘർഷത്തെ തുടർന്ന് കോളേജ് പരിസരത്തു പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.