ആലപ്പുഴ : എസ്ഡിപിഐ നേതാവ് കെഎസ് ഷാനിനെ ഇടിച്ച് വീഴ്ത്തിയ അക്രമി സംഘം സഞ്ചരിച്ച കാർ പോലീസ് കണ്ടെത്തി. ചേർത്തല കാണിച്ചിക്കുളങ്ങരയിൽ നിന്നാണ് കാർ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. കാർ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കാർ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൈയിലും തലയിലും പരിക്കേറ്റ ഷാനിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്.