എസ് എഫ് ഐ നേതാക്കന്മാർക്ക് പിൻവാതിൽ നിയമനം നടത്തുന്നത് സോഷ്യലിസവും, മാർക്ക്‌ ദാനം നടത്തുന്നത് മാർക്സിസവും, സ്വർണക്കടത്തിനെ വിമർശിക്കുന്നത് ഫാസിസവും. കൊള്ളാം, നല്ല വർഗ്ഗവിശകലനം; ശോഭാ സുരേന്ദ്രൻ

മന്ത്രി എ കെ ബാലൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തെ വിമർശിച്ചുകൊണ്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. സ്വർണ്ണ കള്ളക്കടത്തിനെതിരെ ആരോപണമുന്നയിക്കുന്നത് ഫാസിസം ആണെന്നാണ് പ്രധാന നിരീക്ഷണം, എന്നാൽ എസ്എഫ്ഐ നേതാക്കന്മാർക്ക് പിൻവാതിൽ നിയമനം നടത്തുന്നത് സോഷ്യലിസവും മാർക്ക് ദാനം നടത്തുന്നത് മാർക്സിസവും ആണെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

മന്ത്രി എ. കെ. ബാലൻ ഇന്നൊരു വാർത്താസമ്മേളനം നടത്തി. തട്ടിപ്പുകൾക്കിടയിലെ ഇടവേളകൾ എങ്ങനെ പരിഹാസ്യമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു പത്രസമ്മേളനത്തിന്റെ രത്‌നച്ചുരുക്കം.
സ്വർണ്ണക്കള്ളക്കടത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ഫാസിസമാണ് എന്നതാണ് പ്രധാന നിരീക്ഷണം. ഭയങ്കരം! എസ് എഫ് ഐ നേതാക്കന്മാർക്ക് പിൻവാതിൽ നിയമനം നടത്തുന്നത് സോഷ്യലിസവും, മാർക്ക്‌ ദാനം നടത്തുന്നത് മാർക്സിസവും, സ്വർണക്കടത്തിനെ വിമർശിക്കുന്നത് ഫാസിസവും. കൊള്ളാം. നല്ല വർഗ്ഗവിശകലനം.

അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ വിഷയത്തിൽ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് മന്ത്രി ബാലൻ പറഞ്ഞത്. യുഡിഫ് കാലത്തേക്കാൾ കൂടുതൽ നിയമനം നടത്തി എന്നാണ് ബാലൻ സഖാവ് പറയുന്നത്. യുഡിഫ് കാലത്തേക്കാൾ കൂടുതൽ ബന്ധുക്കളും സ്വന്തക്കാരും നിയമനം നേടി എന്നതാണ് വസ്തുത. പി എസ് സി അഡ്വൈസ് ലെറ്റർ അയയ്ക്കുന്നതിനെ നിയമനം എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാൽ അത് ഒരു മന്ത്രി തന്നെ ചെയ്താൽ അതിനെ അവജ്ഞയോടെ തള്ളിക്കളയാൻ മാത്രമുള്ള വിവേകം ഈ നാട്ടിലെ യുവാക്കൾക്കുണ്ട്. യു ഡി എഫ് നേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്താം എന്നല്ല ഈ നാട്ടിലെ യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞാണ് നിങ്ങൾ അധികാരത്തിലേറിയത് എന്ന് മറക്കരുത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുള്ള ആരോപണങ്ങളിൽ എൻ ഐ എയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കീഴിലുള്ള ചീഫ് സെക്രട്ടറി അന്വേഷിക്കും, കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു എന്ന് തുടങ്ങി ഒരുപിടി നുണകളും പരിഹാസ്യമായ വാദങ്ങളുമായി ബാലൻ സഖാവ് അങ്ങനെ കത്തിക്കയറി. എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്നവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാർ യുഡിഫിന്റെ അഴിമതികളുമായി താരതമ്യം ചെയ്ത് തങ്ങളുടെ വിഴുപ്പിന്റെ ഭാരക്കുറവിനെ കുറിച്ച് മേനിനടിക്കുന്നതിനെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?

Latest news
POPPULAR NEWS