ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു അഭിനയിക്കാനെത്തിയയാളാണ് നീലക്കുയിലിലെ ആദി

അഭിനയത്തോട് ഉള്ള മോഹം കാരണം പലരും ജോലി ഉപേക്ഷിച്ചു സിനിമയിൽ എത്തിയ കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മലയാള സിനിമയിലെ പല മുൻനിര താരങ്ങളും ഉയർന്ന ജോലി ഉപേക്ഷിച്ച ശേഷമാണ് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചത്. മലയാള സീരിയൽ പരമ്പരയിലും ഇത്തരം ആളുകളുണ്ട്. അമല എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് ജിഷിൻ. ജിഷിൻ അഭിനയിക്കുന്ന ജീവിത നൗക എന്ന പരമ്പരയിൽ ആദി എന്ന കഥാപാത്രം അഭിനയിക്കുന്ന നിതിനെ കുറിച്ച് ജിഷിൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസം ഒന്നരലക്ഷം രൂപയുടെ ജോലി കളഞ്ഞിട്ട് സീരിയലിൽ അഭിനയിക്കാൻ എത്തിയ നിതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം.

ചിലരങ്ങനെയാണ്. നമ്മൾ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും. ഈ വാക്കുപയോഗിച്ചതിൽ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ജീവിതനൗക സീരിയലിൽ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്ട്രിപ്പിള്‍ ലോക് ഡൗണ്‍ സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് ഷെഡ്യൂള്‍. ചിത്രീകരണം നടക്കുന്ന വീട്ടിൽ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം.. അങ്ങനെ പത്തു ദിവസം ഒരേ റൂമിൽ ഞാനും ഇവനും സാജൻ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവൻ, കൂട്ടുകാരനായപ്പോൾ തനിനിറം കാണിച്ചു തുടങ്ങി. എടാ പോടാന്നൊക്കെ ആയി. ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നത്.

നീലക്കുയിലിലെ ആദി ആയി കുറേ പെൺകുട്ടികളുടെ ഹൃദയം കവർന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ..നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവൻ ബാച്ച്ലർ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട). കാണാൻ ഒരു ലുക്ക്‌ ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്. മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എൻജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാൻ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്.ഇവൻ നിതിന്‍ ജെയ്ക് ജോസഫ് അല്ല. നിതിന്‍ ഫേക്ക് ജോസഫാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ. സഹിച്ചല്ലേ പറ്റൂ. ഈ ഫോട്ടോ ഇടാൻ നോക്കുമ്പോൾ, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ ഞാൻ ഇതാ എന്റെ കടമ നിർവഹിച്ചിരിക്കുന്നു.