ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപെട്ട യുവാവ് അറസ്റ്റിൽ

അയൽവാസിയായ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന മാധ്യമ പ്രവർത്തകൻ രഞ്ജിത്ത് റെഡ്ഢിയുടെ മകനായ ദീക്ഷിത് റെഡ്ഢിയെ ബൈക്കിൽ കയറ്റാം എന്ന് പറഞ്ഞു മന്ദ സാഗർ എന്ന യുവാവ് കൂട്ടികൊണ്ട് പോവുകയായിരുന്നു. അയൽവാസി ആയതുകൊണ്ട് കുട്ടി അയാളുടെ ഒപ്പം പോവുകയും ചെയ്തു. രാത്രി ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടിയെ കടത്തിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാൻ ആയിരുന്നു സാഗറിന്റെ പ്ലാൻ. നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കുട്ടിയെ കൊണ്ടുപോയി മയക്കി കിടത്തി.

കുട്ടിയുടെ അമ്മയെ സ്കൈപ്പിലൂടെ ബന്ധപെട്ടു 45ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിക്ക് തന്നെ അറിയാമെന്നതിനാൽ ഇയാൾ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതിനു ശേഷവും ഇയാൾ രക്ഷിതാക്കളെ വിളിച്ചു പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം പറഞ്ഞ പണവുമായി രക്ഷിതാക്കൾ ഇയാൾ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും സാഗർ അവിടെ ഉണ്ടായിരുന്നില്ല. പണം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാനായി ഇയാൾ മാതാപിതാക്കകളെ വീണ്ടും സ്കൈപ്പിൽ വിളിച്ചു. സ്കൈപ്പ് ഐഡി ട്രേസ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയുകയായിരുന്നു.