തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യരേഖകൾ അമ്മ പ്രഭ പോലീസ് സൂപ്രണ്ടിന് കൈമാറിയതോടെയാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്. എൻഐഎ കേസിൽ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ ജയിലിൽ തുടരുകയായിരുന്നു.
സ്വപ്ന സുരേഷ് അറസ്റ്റിലായിട്ട് ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞാണ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്നയെ തടവിൽ പാർപ്പിച്ചിരുന്നത്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും എല്ലാം പിന്നെ പറയാം എന്നുമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.