ഓണക്കിറ്റിലെ ശർക്കരയ്ക്കുള്ളിൽ തവളയ്ക്കും ഹാൻസിനും ശേഷം ബീഡിക്കുറ്റി കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശർക്കരയ്ക്കുള്ളിൽ നിന്നും ബീഡിക്കുറ്റി കണ്ടെത്തിയതായി പരാതി. തിരൂർ പൂക്കയിലെ റേഷൻ കടയിൽ നിന്നും തിരുനിലത്ത് സുനിൽകുമാറിന്റെ മകൻ അതുൽ വാങ്ങിയ ശർക്കരയിലാണ് ബീഡിക്കുറ്റി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഈ വിഷയത്തിൽ സപ്ലൈകോ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ കഴിഞ്ഞദിവസം ശർക്കരയിൽ നിന്നും ചത്ത തവളയുടെ അംശം കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ബീഡികുറ്റിയും കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നരയംകുളത്തെ റേഷൻകടയിൽ വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയ്ക്ക് ഉള്ളിലാണ് ചത്ത തവളയെ കണ്ടെത്തിയത്. നടുവണ്ണൂർ സൗത്ത് റേഷൻ കടയിൽ വിതരണം ചെയ്ത ശർക്കരയിലെ പായ്ക്കറ്റ് പൊട്ടിച്ചപ്പോൾ അതിൽനിന്നും നിരോധിച്ച പുകയില ഉൽപ്പന്നത്തിന്റെ പായ്ക്കറ്റും കണ്ടെത്തിയിരുന്നു.