ഓണക്കിറ്റുകളിലെ ശർക്കരയ്ക്ക് ഗുണനിലവാരവും തൂക്കവുമില്ല; തിരിച്ചയയ്ക്കാൻ തീരുമാനം

കൊച്ചി: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നതിനായി എത്തിച്ച ഓണക്കിറ്റിലെ ശർക്കര ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോ തിരിച്ചയച്ചു. ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ വി എൻ ട്രേഡേഴ്സ് കേരളത്തിലെത്തിച്ച ശർക്കരയാണ് തിരിച്ചയച്ചിരിക്കുന്നത്. സംസ്ഥാനത്തെ പത്തനംതിട്ട ഡിപ്പോ അടക്കമുള്ള സ്ഥലങ്ങളിലാണ് ഗുണനിലവാരമില്ലാത്ത ശർക്കര എത്തിയത്. പല പാക്കറ്റുകളും പൊട്ടിയ നിലയിലും കുഴമ്പുരൂപത്തിലായ ശർക്കരയുമായിരുന്നു. തുടർന്ന് ഇത് വിതരണം ചെയ്യാനാവില്ലെന്ന് പല ഡിപ്പോ മാനേജർമാരും സപ്ലൈകോയെ അറിയിക്കുകയായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുമായി പരിശോധനയ്ക്കയച്ച ശർക്കരയിൽ മായം കലർന്നതായി കണ്ടെത്തി.

തുടർന്ന് 36 സാമ്പിളുകളാണ് എവിഎൻ അംഗീകാരമുള്ള ലാബിലേക്ക് അയച്ചിരിക്കുന്നത്. അയച്ച ശർക്കരയിൽ 5 എണ്ണത്തിന്റെ ഫലം വന്നതിൽ മൂന്നെണ്ണത്തിൽ മായം ചേർന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഓണക്കിറ്റിന്റെ നിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി വിജിലൻസ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കൂടാതെ ശർക്കരയുടെ അളവിലും നൂറുഗ്രാം വരെ കുറവ് ഉള്ളതായും കണ്ടെത്തിയിരുന്നു.

Also Read  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ