പൂനെ : മലയാളി യുവാവിനെ പൂനയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ തലശേരി സ്വദേശി അനുഗ്രഹ് (22) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വായ്പ്പ സംവിധാനത്തിലൂടെ എടുത്ത വായ്പ്പ തിരച്ചടക്കാത്തതിനെ തുടർന്ന് വായ്പ്പ നൽകിയ സംഘം നിരന്തരം അനുഗ്രഹിനെ ഭീഷണിപ്പെടുത്തിയിരുന്നതായും, ഭീഷണിയെ തുടർന്നാണ് അനുഗ്രഹ് ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് അനുഗ്രഹ് 8000 രൂപ വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഓൺലൈൻ വായ്പ്പ നൽകിയ സംഘം അനുഗ്രഹിന്റെ സുഹൃത്തുക്കൾക്കും മറ്റും വായ്പ്പയുടെ വിവരങ്ങൾ സന്ദേശമായി അയച്ചിരുന്നു. കൂടാതെ അനുഗ്രഹിന്റെ മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് കൊടുക്കുകയായിരുന്നു.
മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിച്ചതിന് ശേഷം അനുഗ്രഹ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സമ്മർദ്ദം സഹിക്കാനാവാതെയാണ് അനുഗ്രഹ് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ മഹാരാഷ്ട്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.