കടുവയിലെ വിവാദ പരാമർശം മാപ്പ് അപേക്ഷിച്ച് സംവിധായകൻ ഷാജി കൈലാസ്

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ചതായി ഉയർന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകൻ ഷാജി കൈലാസ് രംഗത്ത്. കടുവയിലെ പരാമർശം ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും. അത്തരമൊരു സംഭാഷണം വന്നത് കൈപ്പിഴയാണെന്നും മനുഷ്യ സഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നും ഷാജി കൈലാസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതിനായാണ് അത്തരമൊരു സംഭാഷണം ഉൾപ്പെടുത്തിയതെന്നും നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ തലമുറ അനുഭവിക്കുമെന്ന് കാലങ്ങളായി നാം കേട്ട് വരുന്നതാണെന്നും അതിന്റെ ശരി തെറ്റുകളെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ഷാജി കൈലാസ് പറയുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്നൊരു അർഥം ഇതിന് ഇല്ലെന്നും ഷാജി കൈലാസ് പറയുന്നു.

അത്തരത്തിൽ ആർക്കെങ്കിലും മനോവിഷമമുണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നതായും താനും മക്കളെ സ്നേഹിക്കുന്നൊരു അച്ഛനാണെന്നും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മാനസികാവസ്ഥ തനിക്ക് മനസിലാക്കാൻ പറ്റുമെന്നും ഷാജി കൈലാസ് പറയുന്നു.