കർണ്ണാടകയിലെ റായ്പൂർ ജില്ലയിലെ ഹിരെയനകുമ്പിയിൽ താമസിക്കുന്ന വെങ്കിടേഷ് കഴിഞ്ഞ പ്രളയത്തിൽ പാലത്തിലൂടെ പോകാൻ ശ്രമിച്ച ആംബുലൻസിനു വഴികാട്ടി കൊടുത്തത് സോഷ്യൽ മീഡിയയിലും വാർത്തകളിലും എല്ലാം വൈറലായതാണ്. പ്രളയത്തിൽ കുത്തി ഒഴുകുന്ന വെള്ളത്തിൽ റോഡ് കാണാൻ പറ്റാതെ ആംബുലൻസു ഡ്രൈവർ ഭയപ്പെട്ടു നിന്നപ്പോൾ ആ ആംബുലൻസിനു മുൻപിലൂടെ കുത്തി ഒഴുകുന്ന വെള്ളത്തിൽ കൂടി വഴികാട്ടി കൊണ്ട് മുന്നോട്ടു പോയ ആ ബാലന് ധീരതയ്ക്കുള്ള പുരസ്‌കാരം നമ്മുടെ രാഷ്ട്രം സമ്മാനിച്ചിരിക്കുകയാണ്.
വെള്ളത്തിന്റെ അതിശക്തമായ ഒഴുക്ക് കാരണം ബാലൻ പലതവണയായി കാലു തെറ്റിവെള്ളത്തിൽ വീഴുകയും ചെയ്തു. എന്നിട്ടും ഒരടി പോലും പിന്നോട്ട് മാറാതെ ആ ആംബുലൻസിനു വഴികാട്ടിനൽകി ആ ധീരൻ. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആ ബാലന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം സമ്മാനിക്കും. ആറാം ക്ലാസ്സിൽ പഠിക്കുന്ന വെങ്കിടേഷ് ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഇതുപോലെയുള്ള സംഭവങ്ങളിൽ ധീരത തെളിയിച്ച 22 കുട്ടികളിൽ ഒരാൾ കൂടിയാണ്. ഈ 22 പേർക്കും രാഷ്‌ട്രപതി പുരസ്‌കാരം നൽകും.
വെങ്കിടേഷ് രണ്ട് വർഷങ്ങൾക്ക് മുൻപ് പുഴയിൽ ഒഴുക്കിൽ പെട്ട ഒരു സ്ത്രീയെയും രക്ഷിച്ചിരുന്നു. എല്ലാ വർഷവും രാഷ്ട്രം ഇതുപോലെ ധീരതാ പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കുന്നവർക്ക് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ വെച്ച് രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കാറുണ്ട്.