കരാറെങ്ങാനും തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയൻ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ നിയമ നടപടിക്കൊരുങ്ങിയിരിക്കെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കെ അത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. സർക്കാറിന്റെ നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം…

വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയൻ…