കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 55 പേർക്ക് ഇടക്കാല നഷ്ടപരിഹാരത്തുക എയർഇന്ത്യ കൈമാറി

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 55 പേർക്ക് ഇടക്കാല അടിയന്തരസഹായം കൈമാറിയതായി മലപ്പുറം ജില്ലാ കളക്ടർ എസ് ഗോപാലകൃഷ്ണൻ അറിയിച്ചു. ബാക്കിയുള്ളവർക്ക് ഈ മാസം അവസാനത്തോടുകൂടി തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്ന് നഷ്ടപ്പെട്ട യാത്രക്കാരുടെ സാധനങ്ങൾ തരംതിരിക്കുന്നത് സംബന്ധിച്ചുള്ള ജോലികൾ ഇന്റർ നാഷണൽ എമർജൻസി സർവീസ് ആരംഭിച്ചു കഴിഞ്ഞു. ഇവരെ സഹായിക്കുന്നതിനായി എഞ്ചൽ ഓഫ് എയർ ഇന്ത്യയും ഉണ്ട്. യാത്രക്കാരുടെ സാധനങ്ങൾ കണ്ടെത്തുകയും അതിന്റെ കേടുപാടുകൾ പരിഹരിച്ചുകൊണ്ട് ഉടമകൾക്ക് തിരിച്ചെത്തിക്കുകയുമാണ്.

അപകടത്തിൽപെട്ട 95 യാത്രക്കാരുടെ ലഗേജുകൾ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കരിപ്പൂർ വിമാന അപകടത്തിൽ 21 പേരാണ് മരണപ്പെട്ടത്. അപകട ദിവസം പൈലറ്റ് അടക്കം 18 പേർ മരിക്കുകയും പിന്നീട് മൂന്നു പേർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു. കൂടാതെ നിലവിൽ 39 പേർ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ഹോസ്പിറ്റലുകളിലും ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിൽ കഴിഞ്ഞിരുന്ന 130 പേർ ഹോസ്പിറ്റൽ വിട്ടു. അപകടം സംബന്ധിച്ചുള്ള കാര്യത്തെ കുറിച്ചു അന്വേഷണം അടുത്ത ദിവസം തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്.