കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടാൻ വീട്ടിൽ പ്രമോദിന്റെ ഭാര്യ മഞ്ജുള കുമാരിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ദുബായിലെ റാസൽഖൈമയിൽ ജോലി സ്ഥലത്തായിരുന്നു മഞ്ജുള കുമാരി. സുഹൃത്തായ രമ്യ മുരളീധരനൊപ്പമാണ് മഞ്ജുള നാട്ടിലേക്ക് മടങ്ങിയത്. ഇതേത്തുടർന്ന് വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു.
ഓഗസ്റ്റ് 7 നാണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്ദേ ഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടയിൽ റൺവേയിൽ നിന്നും നിയന്ത്രണം വിടുകയും കോമ്പൗണ്ട് വാളിൽ ഇടിച്ച് അപകടപ്പെടുകയുമായിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലുകളിലൂടെയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.