പത്തനംതിട്ട : കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോൺ ഉടമസ്ഥന്റെ ബാങ്ക് അകൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി റോണിമിയ (20), ആസാം സ്വദേശി അബ്ദുൽ കലാം (24) എന്നിവരാണ് അറസ്റ്റിലായത്. കോലഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കിഴക്കമ്പലം സ്വദേശിയായ മാത്യുവിന്റെ മൊബൈൽ ഫോൺ പള്ളിക്കര ഭാഗത്ത് വെച്ച് നഷ്ടപെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് മാത്യു ഫോൺ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. ഫോൺ നഷ്ടപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ബാങ്കിൽ പോയി അകൗണ്ട് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ നഷ്‌ടമായ വിവരമറിയുന്നത്. ഉടൻ തന്നെ മാത്യു പോലീസിൽ പരാതി നൽകുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ അബ്ദുൽ കലാമിനാണ് മാത്യുവിന്റെ ഫോൺ കളഞ്ഞ് കിട്ടിയത്. പള്ളിക്കരയിലെ മീൻ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന അബ്ദുൾ കലാം ഫോണിന്റെ പാസ്‌വേഡ് കണ്ടെത്തി മാത്യുവിന്റെ അകൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ റോണിമിയയുടെ അകൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു.
മാത്യുവിന്റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് റോണിമിയയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ താമസ സ്ഥലം പോലീസ് കണ്ടെത്തിയത്. റോനിമയയെ ചോദ്യം ചെയ്തതോടെ അബ്ദുൽ കലാമിനെ കുറിച്ചുള്ള വിവരവും ലഭിച്ചു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുലക്ഷം രൂപയിൽനിന്ന് അബ്ദുൾകലാം എഴുപതിനായിരം രൂപയുടെ ഐഫോണും വസ്ത്രങ്ങളും വാങ്ങി. ബാക്കി തുക റോണിമിയയുടെ അകൗണ്ടിൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.