കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊന്ന കേസ് എൻഐഎ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന തമിഴ്നാട് എ എസ് ഐ വിൽസനെ വെടിവെച്ചുകൊന്ന കേസ് എൻഐഎ ഏറ്റെടുക്കുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കു തീവ്രവാദബന്ധം ഉണ്ടെന്നുള്ള പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കാനുള്ള തീരുമാനത്തിലെത്തിയത്.

തമിഴ്നാട് ക്യൂ ബ്രാഞ്ച്, കേരള പോലീസ് എന്നിവർ അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ആണ് ഇപ്പോൾ എ എസ് ഐ ഏറ്റെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 11 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ അൽ ഉമ്മ എന്ന ഭീകര സംഘടനയില്‍ പ്രവർത്തിക്കുന്ന ആളുകളും ഉണ്ടന്ന് പോലീസ് കണ്ടെത്തിയിരുന്നു. എ എസ് ഐ വിൽസണെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികൾ ട്രെയിൻ, ബസ് മാർഗം സ്ഥലം വിടുകയായിരുന്നു. അന്വേഷണത്തിന് ഒടുവിൽ പ്രതികളെ കർണ്ണാടകയിൽ നിന്നും പിടികൂടുകയായിരുന്നു.

കേസിലെ പ്രതികളായ തൗഫീഖ്, ഷമീം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് ത്രീവ്രവാദ സംഘടനകളുമായി അടുപ്പമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരെ കൂടാതെ തമിഴ്നാട് സ്വദേശികളായ അബ്ബാസ്, സെയ്ദ് ഇബ്രാഹിം അബ്ദുൽ സമദ്, ഖ്യാസ, സയിദ് നവാസ് എന്നിവരെയും പിടികൂടിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പ്രതികൾക്ക് എത്തിച്ചു നൽകിയത് ബാംഗ്ലൂർ സ്വദേശിയായ കമാൽ പാഷ ആയിരുന്നു. അയാളെയും പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ മുംബൈയിൽ നിന്നുമാണ് വെടിവെയ്ക്കാനുപയോഗിച്ച തോക്ക് എത്തിച്ചതെന്നും കമാൽ പാഷ പറഞ്ഞു.