ബെംഗളൂരു : ശരീരത്തെ കുറിച്ച് നിരന്തരമായി ഭർത്താവ് പരിഹസിച്ചതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. കാണാൻ ഭംഗിയില്ലെന്ന ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. ബംഗളൂരു സ്വദേശിയായ അനീഷ (32) ആണ് ബംഗളൂരു ഡിജെ ഹാളിൽ ഭർത്താവിന്റെ പരിഹാസത്തെത്തുടർന്ന് ജീവിതം അവസാനിപ്പിച്ചത്.
സംഭവം നടക്കുന്ന സമയത്ത് ഭർത്താവ് നിസാമുദ്ധീനും അനീഷയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അനീഷയുടെ രൂപത്തെക്കുറിച്ചും ശരീരത്തെ കുറിച്ചും നിസാമുദ്ധീൻ നിരന്തരം പരിഹസിച്ചിരുന്നു. കാണാൻ ഭംഗിയില്ലെന്നും അതിനാൽ ഒന്നിച്ച് പുറത്തിറങ്ങാൻ നാണക്കേടാണെന്നും നിസാമുദ്ധീൻ അനീഷയോട് പറഞ്ഞിരുന്നു. നിരന്തരം ഭർത്താവ് പരിഹസിക്കുന്നതിൽ അനീഷ മാനസികമായി സമ്മർദ്ധം നേരിട്ടിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കും നിസാമുദ്ധീൻ അനീഷയെ ഇക്കാര്യങ്ങൾ പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിൽ മനംനൊന്ത അനീഷ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതോടെ അനീഷ നിലവിളിച്ചു. ഇത് കേട്ട് ഓടിവന്ന സമീപവാസികൾ അനീഷയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളേലേറ്റ അനീഷ ചൊവ്വാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അനീഷയുടെ വീട്ടുകാരുടെ പരാതിയിൽ നിസാമുദ്ധീനെതിരെ പോലീസ് കേസടുത്തു.